ആണ്‍ തുണയില്ലാത്ത ഈ കൊച്ചു കുടുംബത്തിന് നേരെ എന്തിന് ഈ ക്രൂരത..! അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; പെണ്‍കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു

കൊച്ചി: സത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ഒരോ പെണ്‍കുട്ടികളെങ്കിലും നമ്മുടെ നാട്ടില്‍ ദിവസവും ആക്രമിക്കപ്പെടുന്നു. ഇതാ ഈ കൊച്ചു കുടുംബത്തിന് നേരെ ഉണ്ടായ കൊടും ക്രൂരതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ഒരു ആണ്‍ തുണയില്ലാതെ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. എറണാകുളം പാമ്പാക്കുടയില്‍ ആണ് സംഭവം. അതേസമയം ആക്രമണത്തില്‍ ഒരു കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സ്മിതയും നാല് മക്കള്‍ക്കും കഴിയുന്നത്.

എന്നാല്‍ ഈ കുടുംബത്തിന് നേരെ നേരത്തെയും അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവരുടെ വീടിന് ആരോ തീവെച്ചിരുന്നു. ഈ സമയം സ്മിതയും,കുട്ടികളും സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചിരുന്നു.

തുടര്‍ന്ന് രാത്രി സ്മിതയും കുട്ടികളും ഇതേ വീട്ടില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു പുലര്‍ച്ചെ ജനലിലൂടെ ആരോ ആസിഡ് ഒഴിച്ചത്. യുവതിയും, മക്കളും കോട്ടയം ഇഎസ്‌ഐയില്‍ ചികിത്സയിലാണ്. സ്മിതയുടെ മക്കളില്‍ ഒരാളുടെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. ഒമ്പത്, ഏഴ്, ആറ് ക്ലാസ്സുകളില്‍ പഠിക്കുകയാണ് സ്മിതയുടെ മക്കള്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Exit mobile version