ആലപ്പാട് കരിമണല്‍ ഖനനം; താത്കാലികമായി സീ വാഷിംഗ് നിര്‍ത്തുമെന്ന് ഇപി ജയരാജന്‍; ഖനനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരക്കാര്‍

തിരുവനന്തപുരം: ആലപ്പാട് തീരത്ത് ഒരു മാസത്തേക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ ധാരണയായി. സമരക്കാരുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആലപ്പാട്ടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി.

സീവാഷിങ് താത്കാലികമായി നിര്‍ത്തി വച്ചെങ്കിലും ഇന്‍ലാന്‍ഡ് വാഷിംഗ് തുടരും. പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ നിയോഗിക്കുന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. തീരമേഖലയില്‍ പുലിമുട്ട് നിര്‍മാണം കാര്യക്ഷമമാക്കും. കടല്‍ഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാക്കുമെന്നും എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നടപടികള്‍ കണക്കിലെടുത്ത് സമരം തല്‍ക്കാലം അവസാനിപ്പിക്കണമെന്ന മന്ത്രി സമരക്കാരോട് അഭ്യര്‍ഥിച്ചു. സമരക്കാര്‍ തൃപ്തിയോടെയാണ് ചര്‍ച്ചയില്‍ നിന്ന് മടങ്ങിയതെന്നും മന്ത്രി അറിയിച്ചു.എന്നാല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്താതെ സമരത്തില്‍ നിന്നും പിറകോട്ടില്ലെന്ന നിലപാടാണ് സമരക്കാര്‍ എടുത്തിരിക്കുന്നത്. ചര്‍ച്ച പരാജയമായിരുന്നെന്നും സമരക്കാര്‍ പ്രതികരിച്ചു.

Exit mobile version