ആമസോണ്‍ ഒന്നു പരതിക്കോളൂ… ചിരട്ട മാത്രമല്ല മാവില, ചാണകം, ചക്കക്കുരു മുതല്‍ മലയാളി ഉപേക്ഷിച്ചിട്ട സാധനങ്ങള്‍ മുഴുവനും ഉണ്ട്! അതും ‘തീ’ വിലയ്ക്ക്

പ്രമേഹത്തിന് മികച്ച ഔഷധമാണ് മാവിലയെന്നാണ് ആമസോണിന്റെ അവകാശവാദം.

തിരുവനന്തപുരം: ആമസോണ്‍, എടുത്ത് പറയേണ്ടതില്ല കാലം മുന്‍പോട്ട് കുതിക്കുന്നതിനൊപ്പം നാമെല്ലാം പരിഷ്‌കരിക്കപ്പെടുന്നുണ്ട്. അടുത്തിടെ ചിരട്ട ആമസോണില്‍ ലഭിക്കുന്നത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ആമസോണില്‍ ലഭിക്കുന്ന മറ്റ് വിഭവങ്ങളുടെ ലിസ്റ്റ് കൂടി എത്തിയിരിക്കുകയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. ഈ വെബ്‌സൈറ്റുകള്‍ ഒന്ന് പരതിയാല്‍ നമ്മള്‍ മലയാളികള്‍ വലിച്ചെറിയുന്നത് കിട്ടും. തീ വിലയാണെന്ന് മാത്രം. പച്ച മാവില ആമസോണില്‍ 100 രൂപയ്ക്ക് കിട്ടും. ഒരു പായ്ക്കറ്റില്‍ 25 ഇലകള്‍ കാണും.

ഉണങ്ങിയ മാവിലയാണെങ്കില്‍ വില 200 ആകും. പ്രമേഹത്തിന് മികച്ച ഔഷധമാണ് മാവിലയെന്നാണ് ആമസോണിന്റെ അവകാശവാദം. വായിലുണ്ടാവുന്ന കുരുക്കള്‍ നീക്കം ചെയ്യാം, വയറിളക്കത്തിന് ഉത്തമം, പല്ല് തേയ്ക്കാനും ഉപയോഗിക്കാം എന്നിങ്ങനെ നീളുന്നു മാവിലയുടെ വിശേഷണങ്ങള്‍. 100 ഗ്രാം പപ്പായ ഇല 100 രൂപയ്ക്ക് ഇവിടെ കിട്ടും. നല്ല വരിക്ക ചക്കയുടെ അഞ്ച് കുരുവിന് ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും നൂറ് രൂപയാണ്.100 ഗ്രാം പുളിങ്കുരുവും കിട്ടും. ഗ്രാമിന് ‘വെറും’ 100 രൂപ.

നാല് ചെറിയ ചാണക ഉരുളയ്ക്ക് 250 രൂപയാണ് വില. ശുദ്ധീകരിച്ച ഗോമൂത്രം പോലും ഇവിടെ വില്പനയ്ക്കുണ്ട്. ശുദ്ധീകരണ പൂജകള്‍ക്കാണ് ചാണകം കൂടുതലായും വാങ്ങുന്നതെന്നാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ പ്രതിനിധികള്‍ പറയുന്നത്. ആമസോണിന്റെ അഭിപ്രായത്തില്‍ ഇത്തരം പ്രകൃതിദത്ത ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ ഡിമാന്റാണത്രേ.

Exit mobile version