പാര്‍ലമെന്റ് സീറ്റ് വിഭജനം: യുഡിഎഫ് യോഗം ഇന്ന്

സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ധാരണയില്‍ യോഗം എത്തിയേക്കും

പാര്‍ലമെന്റ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ധാരണയില്‍ യോഗം എത്തിയേക്കും. പി.സി ജോര്‍ജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

വരുന്ന പാര്‍ലമെന്റ്  തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച പ്രധാന ചര്‍ച്ചകളാകും ഇന്നത്തെ യുഡി.എഫ് യോഗത്തിലുണ്ടാകുക. കോണ്‍ഗ്രസ് 15 മുസ്ലിംലീഗ് 2 കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, ജനതാദളിന് ഓരോന്ന് വീതം എന്നിങ്ങനെയായിരുന്നു 2014ലെ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം. ഇതില്‍ വീരേന്ദ്രകുമാര്‍ വിഭാഗം എല്‍.ഡി.എഫിലേക്ക് സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കാനാണ് സാധ്യത.

മുസ്ലിംലീഗിന്റെ അധിക സീറ്റ് വേണമെന്ന് ആവശ്യം നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ പരിഗണിക്കാന്‍ സാധ്യതയില്ല കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും അംഗീകരിക്കാന്‍ ഇടയില്ല. കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം കോട്ടയത്തിന് പകരം ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ഉന്നയിക്കുന്നുണ്ടെങ്കിലും മുന്നണി യോഗത്തില്‍ മാണി വിഭാഗം കോട്ടയം എന്നതില്‍ ഉറച്ചു നില്‍ക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം നല്‍കുന്ന സൂചന.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മറ്റ് പ്രവര്‍ത്തന പരിപാടികളും യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. മുന്നണിയുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് പി.സി ജോര്‍ജ് നല്‍കിയ കത്ത് യു.ഡി.എഫ് യോഗം പരിഗണിക്കും കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തിനും മാണി ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കും താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ പി.സി ജോര്‍ജിന് മുന്നണി പ്രവേശനം അടഞ്ഞ അധ്യായം ആകാനാണ് സാധ്യത. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം.

Exit mobile version