സ്വന്തമായി വീടില്ല; മരണപ്പെട്ട് രണ്ട് ദിവസമായിട്ടും ആരും അന്വേഷിച്ച് വന്നില്ല; അനാഥമായി റിട്ടയേര്‍ഡ് ഡിവൈഎസ്പിയുടെ മൃതദേഹം! ഉദ്യോഗസ്ഥന്റെ ജീവിതത്തിലും ദുരൂഹതകളേറെ

36 വര്‍ഷമായി സുഹൃത്തായ സുകുമാരന്‍ കര്‍ത്ത എറണാകുളം ഗിരിനഗറില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് നല്‍കി.

കൊച്ചി: തിരുവല്ല കോവൂര്‍ കുടുംബാഗവും മുന്‍ ഡിവൈഎസ്പി ആയിട്ടും മരണപ്പെട്ട് രണ്ട് നാള്‍ കഴിഞ്ഞിട്ടും ആരും അന്വേഷിച്ച് വരാതെ അനാഥമായി മോര്‍ച്ചറിയില്‍ തണുത്ത് വിറച്ച് കഴിയുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് കൊച്ചി ഗിരിനഗറിലെ വാടക വീട്ടില്‍ റിട്ട. ഡിവൈഎസ്പി അലക്സ് മാത്യു (67) വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണശേഷം നിലനില്‍ക്കുന്ന ദുരൂഹത പോലെ തന്നെയായിരുന്നു അലക്‌സിന്റെ ജീവിതവും. 2006ല്‍ വടകരയില്‍നിന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായി വിരമിക്കുമ്പോള്‍ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലായിരുന്നു.

36 വര്‍ഷമായി സുഹൃത്തായ സുകുമാരന്‍ കര്‍ത്ത എറണാകുളം ഗിരിനഗറില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് നല്‍കി. പലപ്പോഴും വാടക നല്‍കാന്‍ സഹായിച്ചതും കര്‍ത്ത തന്നെ. വിരമിക്കുന്നതുവരെ കഴിഞ്ഞത് പോലീസ് ക്ലബ്ബിലായിരുന്നു. 13 വര്‍ഷത്തിനിടയില്‍ സുഹൃത്തായി എത്തിയത് ഗിരിനഗറിലെ ബൈജു, ഓമനക്കുട്ടന്‍, ജോണ്‍സന്‍ എന്നിവര്‍ മാത്രം. കൂടെ സുകുമാരന്‍ കര്‍ത്തയും. എന്നാല്‍ ഇവരോടു പോലും സംസാരിക്കുന്നത് പോലും വളരെ കുറച്ചായിരുന്നു.

ബന്ധുക്കളുടെ വിവരങ്ങള്‍ തിരക്കിയാല്‍ ദേഷ്യപ്പെടുന്നതായിരുന്നു പ്രകൃതം. അന്നും എന്തൊക്കൊയോ മറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസില്‍ പോലും അധികം സുഹൃത്തുക്കളില്ല. സുഹൃത്തുക്കളെ ഒഴിവാക്കിയതും ഉള്ളവരോട് സംസാരം പരിമിതപ്പെടുത്തിയതും ബന്ധുക്കളുടെ കാര്യം അന്വേഷിക്കും എന്ന് ഭയന്നാണെന്നാണ് സുഹൃത്ത് സുകുമാരന്‍ കര്‍ത്ത പറയുന്നത്. വിവാഹം കഴിക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. വിരമിച്ച ശേഷം രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നതാണ് പ്രകൃതം. വിവിധയിടങ്ങള്‍ ബസില്‍ സഞ്ചരിച്ച് രാത്രിയോടെ വീട്ടിലെത്തും.

തിരുവല്ല കോവൂര്‍ കുടുംബാംഗമാണെങ്കിലും ബന്ധുക്കളെ കുറിച്ചുള്ള സംസാരം പരമാവധി കുറച്ചിരുന്നു. ഒരു യാത്രയില്‍ കുറച്ചേറെ സ്ഥലം കാണിച്ച് ഇത് തങ്ങളുടെ കുടുംബത്തിന്റെയാണെന്ന് പറഞ്ഞ കാര്യം കര്‍ത്തയ്ക്ക് ഓര്‍മ്മയുണ്ട്. എന്നാല്‍, ഒരാള്‍ പോലും ഇദ്ദേഹത്തെ അന്വേഷിച്ച് ഗിരിനഗറില്‍ ഇതുവരെ എത്തിയില്ല. 30 വര്‍ഷത്തെ സര്‍വീസില്‍ സമ്പാദിച്ച പണം എവിടേക്ക് പോയെന്നാണ് അറിയാത്തത്. മരണ ശേഷം അലക്സ് രണ്ടു ലക്ഷം രൂപ കൊടുക്കാനുണ്ടെന്നറിയിച്ച് ഒരാള്‍ വിളിച്ചുവെന്നാണ് കര്‍ത്ത പറയുന്നത്. ആരോടും അടുക്കാതിരുന്ന ഇദ്ദേഹത്തിന് ഇത്രയേറെ രൂപ കടം വന്നതെങ്ങനെയെന്നാണെന്ന ആശയക്കുഴപ്പവും അലട്ടുന്നുണ്ട്.

മൊബൈല്‍ ഫോണുണ്ടായിരുന്നുവെങ്കിലും ഫോണ്‍ വിളി വിരളമായിരുന്നു. 1976 ബാച്ചില്‍ എസ്‌ഐ ആയാണ് അലക്സ് മാത്യു സര്‍വീസില്‍ പ്രവേശിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ എസ്‌ഐ ആയി ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സിഐ ആയിരുന്നു. കോഴിക്കോട് സിറ്റി, റൂറല്‍ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായും ജോലി ചെയ്തു.

Exit mobile version