ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുകയാണ്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അപലപിക്കുന്ന പ്രധാനമന്ത്രി ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും കാനം പറഞ്ഞു.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന വിധി ഭരണഘടനാ ബഞ്ചിന്റെതാണ്. ആ വിധിയെ ബിജെപിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്തതാണ്. എന്നാല്‍, ആ വിധിക്കെതിരെയാണ് കേരളത്തിലെ ബിജെപിയുടെ സമരം. ഈ വിഷയത്തില്‍ നരേന്ദ്ര മോഡി ബിജെപി ദേശീയ നേതൃത്വത്തിന് ഒപ്പമാണോ കേരള നേതാക്കള്‍ക്ക് ഒപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് കാനം പറഞ്ഞു.

യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫ് എടുത്തത് ഏറ്റവും പാപകരമായ നിലപാടായി ചരിത്രം രേഖപ്പെടുത്തുമെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇന്ത്യയുടെ സംസ്‌കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുവരല്ല എല്‍ഡിഎഫുകാര്‍. അവര്‍ പക്ഷേ, ശബരിമല വിഷയത്തില്‍ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ല എന്നായിരുന്നു മോഡി പറഞ്ഞത്. കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ വിമര്‍ശനം.

Exit mobile version