ആര്‍ത്തവം അശുദ്ധമല്ല..! സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുകളുടെ ഗുണ്ടായിസം അവസാനിപ്പിക്കണം; മലകയറുന്ന യുവതികളെ സംരക്ഷിക്കണം; എറണാകുളത്ത് പ്രതിഷേധ പ്രകടനവുമായി സ്ത്രീ മുന്നേറ്റപ്രസ്ഥാനം

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും മലകയറുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുകളുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്ത്രീ മുന്നേറ്റപ്രസ്ഥാനത്തിന്റെ പ്രതിഷേധ പ്രകടനം. സ്ത്രീ മുന്നേറ്റപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ എറണാംകുളത്താണ് റാലി സംഘടിപ്പിച്ചത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി പ്രവൃത്തി പഥത്തില്‍ വരുന്നതിനെ ബലാല്‍ക്കാരമായി തടയുന്ന സവര്‍ണ്ണപുരുഷാധിപത്യത്തിന് തുണയായി സ്ത്രീകളും മുന്നിട്ടിറങ്ങുന്ന സാഹചര്യം ഫാസിസ്റ്റ് രാഷ്ട്രീയം സൂക്ഷ്മ തലത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. എന്ന് യോഗത്തില്‍ സംസാരിച്ച് കൊണ്ട് അഡ്വ. ഭദ്രാകുമാരി അഭിപ്രായപ്പെട്ടു.

ആര്‍ത്തവം അശുദ്ധമല്ല. മലകയറുന്ന യുവതികളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വതീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുക. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈ തേര്‍വാഴ്ചയ്‌ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കേണ്ടതുണ്ട്. ആചാരങ്ങളല്ല ഭരണഘടനയാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നും ലിംഗനീതി ഉറപ്പാക്കി സ്ത്രീവിരുദ്ധ ആചാരങ്ങളെ തകര്‍ത്തെറിയേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങളെ മനുഷ്യകവചമായി ഉപയോഗിച്ച് സന്നിധാനത്ത് യുവതീപ്രവേശനം സംഘടിതമായി ചെറുക്കുന്നവര്‍ക്കെതിരെ ശിശുപീഡനനിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കര്‍ശനനിലപാടെടുത്ത് സര്‍ക്കാര്‍ നവോത്ഥാന മൂല്യങ്ങളെ തിരികെ പിടിക്കണമെന്നും തുടര്‍ന്ന് സംസാരിച്ച തസ്‌നി ബാനു, അഡ്വ. മായാ കൃഷ്ണന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Exit mobile version