ലഹരിക്കടിമ, തൃശൂരില്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം, വാര്‍ഡ് മെമ്പറുടെ തലയ്ക്കടിച്ചു

തൃശൂര്‍: അരിമ്പൂരില്‍ ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് പരാക്രമം കാണിച്ച യുവാവിനെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സാ മുറിയില്‍ വച്ചു വാര്‍ഡ് മെമ്പറെ കസേരയെടുത്ത് തലയ്ക്കടിച്ചും യുവാവിന്‍റെ പരാക്രമം തുടര്‍ന്നു.

ശനിയാഴ്ച വൈകിട്ടാണ് മനക്കൊടി സെന്‍ററില്‍ യുവാവിന്‍റെ പരാക്രമം ഉണ്ടായത്. ലഹരിക്കടിപ്പെട്ട് ആളുകളെ ആക്രമിക്കുകയും കടകള്‍ക്ക് നേരെ പരാക്രമം കാണിക്കുകയും ചെയ്തു. മനക്കൊടി സ്വദേശി സൂരജാണ് പരാക്രമം കാണിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അരിമ്പൂര്‍ പഞ്ചായത്ത് ആംഗമായ രാഗേഷ് അവിടേക്ക് എത്തിയത്. തുടര്‍ന്ന് യുവാവിന്‍റെ ബന്ധുക്കളെ വിവരം അറിയിച്ചു.

ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരാക്രമം തുടര്‍ന്നു. പിന്നാലെ പടിഞ്ഞാറെക്കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റി. ഡോക്ടറോട് സംസാരിക്കുന്നതിനിടെ വാര്‍ഡ് മെമ്പറെ കസേര എടുത്ത് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ ചികിത്സാ മുറിയിലേക്ക് മാറ്റി.

Exit mobile version