നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടം, 3 പേര്‍ക്ക് പരിക്ക്

കോട്ടയം: പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടയം പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളില്‍ നിന്നും കുട്ടികളുമായി വന്ന ബസ് ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മതിലിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബസില്‍ ഉണ്ടായിരുന്ന അധ്യാപകരായ പ്രീതി സന്തോഷ് (52), അഞ്ചു അനൂപ് (35), സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഇമ്മാനുവല്‍ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കില്ല. സ്‌കൂള്‍ ബസ് മറിയാത്തതിനാലും കുട്ടികള്‍ തെറിച്ചുവീഴാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്.

Exit mobile version