കണ്ണൂര്‍:മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ഫുട്ബാള്‍ താരം സികെ വിനീത് നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. ഇപ്പോഴിതാ ഇതിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. സമൂഹമാധ്യമത്തിലൂടെ ചില തത്പരകക്ഷികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും അതിന്റെ ചുവടുപിടിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ‘നിരീക്ഷകനാ’യെത്തുന്ന വ്യക്തിയും തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്താനാണ്
താൻ ലൈവിലൂടെ എത്തിയതെന്ന് വിനീത് പറഞ്ഞു.
‘ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് പറഞ്ഞ പ്രിയപ്പെട്ടവരോടാണ്, എന്റെ പ്രതികരണം കൊണ്ട് ഇവരെയൊക്കെ നന്നാക്കി കളയാമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. മറിച്ച് ഈ കളകള്‍ സമൂഹത്തില്‍ മുളച്ച് തുടങ്ങിയപ്പോള്‍ തന്നെ പറിച്ചു കളഞ്ഞിരുന്നുവെങ്കില്‍ ഇന്നിതൊരു ഇത്തിള്‍ക്കണ്ണിയായി പടരില്ലായിരുന്നു’ എന്ന് വിനീത് പറഞ്ഞു.
‘സത്യത്തില്‍ ഈ നീരീക്ഷകരുടെ പ്രശ്‌നമെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. കുംഭമേളയില്‍ വച്ച് ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നല്ല അടിക്കുറിപ്പോടെ എന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ‘ എന്ന് വിനീത് വ്യക്തമാക്കി.
‘ വിശ്വാസികള്‍ കുളിക്കുന്ന ഗംഗയിലെ വെള്ളം മലിനമാണെന്ന് പറഞ്ഞതാണോ, എന്റെ രാഷ്ട്രീയ നിലപടുകളാണോ അവരുടെ പ്രശ്്‌നം. കുംഭമേളയിലേക്കുള്ള എന്റെ യാത്ര തന്നെ അത് അനുഭവിച്ച് അറിയാനായിരുന്നു. അതില്‍ നല്ലതും മോശമായതും ഉണ്ടാകാമെന്ന് എനിക്ക് ബോധ്യമുണ്ട്. ആ ചര്‍ച്ചയില്‍ സമയക്കുറവുമൂലം തന്റെ കാഴ്ചപ്പാടിലെ പ്രസക്തമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്.’ വിനീത് കൂട്ടിച്ചേർത്തു.
