തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ചു.7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്.
ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. വെറ്റിലപ്പാറ പുഴയോട് ചേര്‍ന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീര്‍ണ്ണമായ ദൗത്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്.
മയങ്ങിയ ശേഷം ആനയെ സുരക്ഷിതമായി കോടനാട് അഭയാരണ്യത്തില്‍ എത്തിക്കാനാണ് ശ്രമം. ആനക്കൂടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. എലിഫന്റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി. രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്.