വീല്‍ചെയറില്‍ ഒതുങ്ങിയ ജിജോയുടെ ദുരിത ജീവിതം ‘കളറാക്കുവാന്‍’ ഇനി ഷീജയും! പ്രണയം മൊട്ടിട്ടതും ‘കൈപിടിച്ചതും’ ദുരിതാശ്വാസ ക്യാമ്പില്‍, ഒരുമിച്ചുള്ള ജീവിതവും ക്യാമ്പില്‍ തന്നെ

റെഡ്‌ക്രോസില്‍ നഴ്‌സായ ഷീജ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി കുരിശുമലയില്‍ വീട്ടില്‍ സ്റ്റീഫന്റെയും ത്രേസ്യയുടെയും മകളാണ്.

ഒല്ലൂര്‍: വിധി വീല്‍ച്ചെയറില്‍ ഇരുത്തി. പക്ഷേ ആ വിധിയോട് പടപൊരുതിയ ജിജോയെ പ്രളയം വന്ന് തകര്‍ത്തെറിഞ്ഞു. ജീവിതത്തോട് മത്സരിക്കുന്ന ജിജോ തകര്‍ന്നത് പ്രളയത്തിലായിരുന്നു. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു ജിജോ. പെട്ടെന്നുള്ള വീഴ്ചയില്‍ ജിജോയുടെ കാലുകള്‍ തളരുകയായിരുന്നു. ശേഷമുള്ള ജീവിതം വീല്‍ചെയറിലായി. അവിടെയും തോല്‍ക്കാതെ വീല്‍ ചെയറിലിരുന്ന് അന്നം കണ്ടെത്തി. ഉപജീവനത്തിനായി ലോട്ടറി വില്‍ക്കുകയായിരുന്നു അദ്ദേഹം.

അപ്രതീക്ഷിതമായി വന്ന പ്രളയം ശേഷം ജീവിതം തന്നെ താറുമാര്‍ ആക്കുകയായിരുന്നു. ആകെ ഉണ്ടായിരുന്ന വീടും നഷ്ടപ്പെട്ടു. ഇതോടെ ജീവിതം ഇരുളടഞ്ഞ് പോയി ക്യാമ്പില്‍ കഴിയുകയായിരുന്നു. ആ പ്രളയദുരിതത്തില്‍ തന്നെ ജിജോയുടെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് എത്തിയിരിക്കുകയാണ് ഷീജ. നഷ്ടപ്പെട്ടു പോയി എന്നു കരുതുന്ന ജീവിതം പ്രകാശ പൂരിതമാക്കുവാനും ജിജോയ്ക്കും അമ്മയ്ക്കും താങ്ങ് ആകുവാനും ഇനി ഷീജ ഉണ്ടാകും.

റെഡ്‌ക്രോസില്‍ നഴ്‌സായ ഷീജ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി കുരിശുമലയില്‍ വീട്ടില്‍ സ്റ്റീഫന്റെയും ത്രേസ്യയുടെയും മകളാണ്. കഴിഞ്ഞ ദിവസം വെട്ടുകാട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ജിജോ ഷീജയ്ക്കു മിന്നുചാര്‍ത്തിയത്. പന്തലിട്ട് സദ്യ നടത്തിയതും പെണ്ണിനെ മുറപ്രകാരം കൈപിടിച്ചേല്പിച്ചതുമൊക്കെ ദുരിതാശ്വാസ ക്യാമ്പില്‍ത്തന്നെയായിരുന്നു. ഇനി നവദമ്പതിമാര്‍ താമസിക്കുന്നതും വെട്ടുകാട് പ്രാഥമികാരോഗ്യകേന്ദ്രത്തോട് ചേര്‍ന്നുള്ള ക്യാമ്പില്‍ത്തന്നെ ആയിരിക്കും.

ഉപജീവനമാര്‍ഗമായ ലോട്ടറിവണ്ടിയും അന്തിയുറങ്ങിയിരുന്ന മൂന്നുസെന്റിലെ കൂരയും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നപ്പോഴാണ് വെട്ടുകാട് തമ്പുരാട്ടിമൂലയിലെ കുന്നിന്‍ചെരിവിലെ കുരിശിങ്കല്‍ ജിജോയും (35) ഏലിയും (60) ക്യാമ്പിലെത്തിയത്. പ്രളയദിനങ്ങള്‍ പിന്നിട്ട് മറ്റുള്ളവര്‍ വീടുകളിലേക്ക് മടങ്ങിയപ്പോള്‍ പോകാനില്ലാത്തതിനാല്‍ അമ്മയും മകനും ക്യാമ്പില്‍ തുടരുകയായിരുന്നു. പിതാവ് ഇവരെ ഉപേക്ഷിച്ചുപോയതാണ്. അമ്മ ഏലിയും രോഗിയാണ്. വീടും വണ്ടിയും തകര്‍ന്നതോടെ പിന്നെ സ്ഥിരം ക്യാമ്പാണിവരുടെ അഭയം.

ജിജോയുടെ ഒരു ബന്ധുവഴി കിടപ്പുരോഗികളുടെ വാട്‌സാപ്പ് ഗ്രൂപ്പായ ‘അറിവിന്റെ പാലാഴി’ എന്ന കൂട്ടായ്മ വഴിയാണ് ഷീജയെ പരിചയപ്പെട്ടത്. പ്രളയകാലത്തെ സേവനങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തൂരിലെ വെട്ടുകാട് ക്യാമ്പിലും ഷീജ എത്തി. ഇതോടെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ സൗഹൃദത്തിലായത്. ഒടുവില്‍ ജിജോയുടെ സ്‌നേഹാഭ്യര്‍ത്ഥനയ്ക്ക് ഷീജ സമ്മതം മൂളുകയായിരുന്നു. ഒരു പുതിയ ജീവിതം സ്വപ്നം കണ്ടാണ് ജിജോയും ഷീജയും ക്യാമ്പില്‍ കഴിയുന്നത്. തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കണം. വീണ്ടും വണ്ടി സംഘടിപ്പിച്ച് ലോട്ടറിവില്‍പ്പനക്കിറങ്ങണം. അതിന് ആരെങ്കിലുമൊക്കെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജിജോ. നവദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേര്‍ എത്തുകയും ചെയ്തു.

Exit mobile version