വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ ധാരണ; വര്‍ധന 18-ന് പ്രഖ്യാപിക്കും

അതേസമയം നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടി. എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. വര്‍ധന ഈ മാസം 18-ന് പ്രഖ്യാപിക്കും. അതേസമയം നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടി. എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ല.

വരുന്ന നാലുവര്‍ഷം രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജും കൂട്ടുന്നത് ഉള്‍പ്പെടെയാണിത്. ഇവ രണ്ടും ചേര്‍ത്ത് ഈ വര്‍ഷവും അടുത്തവര്‍ഷവും 10 ശതമാനവും 2020-21ല്‍ ഏഴുശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ നിരക്ക് കൂട്ടുന്നതിനെ ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്കുകൂട്ടാനാണ് കമ്മിഷനിലെ ധാരണ. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്.

ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് നിലവില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, നിരക്ക് പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാര്‍ച്ചുവരെ നീട്ടി.

Exit mobile version