പാലായില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ പോലീസ് ബസുമായി കൂട്ടിയിടിച്ചു; രണ്ട് പോലീസുകാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്

പാലായില്‍നിന്നു രാമപുരത്തേക്കു പോയ പോലീസ് ബസിലാണു ട്രാവലര്‍ ഇടിച്ചത്.

കോട്ടയം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പോലീസ് ബസുമായി കൂട്ടിയിടിച്ചു. പാലാ രാമപുരം റൂട്ടില്‍ ചക്കാംപുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലരാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മൂന്ന് തീര്‍ത്ഥാടകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ പാലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. പാലായില്‍നിന്നു രാമപുരത്തേക്കു പോയ പോലീസ് ബസിലാണു ട്രാവലര്‍ ഇടിച്ചത്.

അതിനിടെ, പരുക്കേറ്റവരുമായിപ്പോയ ആംബുലന്‍സ് പാലാ നഗരത്തില്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാല വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്.

Exit mobile version