പെന്‍ ഹോസ്പിറ്റലിനെ കുറിച്ച് അറിയോ.. ഇദ്ദേഹമാണ് പേന സര്‍ജന്‍; വൈലോപ്പിള്ളി മുതല്‍ എപിജെ അബ്ദുള്‍കലാം വരെ പേന രോഗിയുമായി എത്തി; സുഖം പ്രാപിച്ചത് 4 ലക്ഷത്തോളം പേന രോഗികള്‍

തൃശ്ശൂര്‍: മ്മടെ നാസറിക്കാന്റെ പെന്‍ ഹോസ്പിറ്റലിനെ കുറിച്ച് അറിയോ.. പാലസ് റോഡില്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിനടുത്തുള്ള പേന നന്നാക്കല്‍ കടയാണ് സ്ഥലം. നാസറിക്കയാണ് ഈ ഹോസ്പിറ്റലിലെ പേന സര്‍ജന്‍.

കയ്യില്‍ കിട്ടുന്ന രോഗിയെ ആദ്യം അടിമുടി ഒന്നു നോക്കും. പിന്നെ പള്‍സ് നോക്കുമ്പോള്‍ ഡോക്ടര്‍ക്കറിയാം ശസ്ത്രക്രിയ വേണോ അതോ കുറഞ്ഞ മരുന്നു മതിയോ എന്ന്. ഈ ഹോസ്പിറ്റലിലേക്ക് കയറിവരുന്നവര്‍ക്ക് ആദ്യകാഴ്ച വേന രോഗികളെ സ്‌ട്രെചറില്‍ കൊണ്ടുപോകുന്ന ചുവരിലെ ചിത്രമാണ്.

80 വര്‍ഷത്തിനിടെ 4 ലക്ഷത്തോളം പേന രോഗികള്‍ സുഖം പ്രാപിച്ച് പോയിട്ടുണ്ട്. 1940ല്‍ നാസറിന്റെ പിതാവ് കാളത്തോട് കോലോത്തുപറമ്പ് അബ്ദുല്ല തുടങ്ങിയതാണു പേനകള്‍ക്കായുള്ള ആശുപത്രി. അദ്ദേഹം കൊല്‍ക്കത്തയില്‍ പേന നിര്‍മാണ കമ്പനിയിലായിരുന്നു. പിന്നീട് മകന്‍ ചുമതല ഏറ്റെടുത്തു. വൈലോപ്പിള്ളിയും കുഞ്ഞുണ്ണി മാഷുമൊക്കെ ഇവിടെ പതിവു സന്ദര്‍ശകരായിരുന്നു. മുകുന്ദനും സാറാ ജോസഫുമുള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്താറുണ്ടെന്നു നാസര്‍ പറയുന്നു.

ഒരിക്കല്‍ ആലുവ യുസി കോളജിലെത്തിയ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ പേന താഴെ വീണ് കേടായി.. ഈ പേനയ്ക്ക് ഒരു പ്രത്യേകത ഉണ്ട് ഫ്രഞ്ച് പ്രസിഡന്റാണ് അദ്ദേഹത്തിന് പേന സമ്മാനിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ എഴുതാന്‍ മടിച്ചു നിന്ന പേനയെ ശരിയാക്കി കൊടുത്തു…

മൗണ്ട് ബ്ലാങ്ക്, വാട്ടര്‍മെന്‍, ഷീഫേഴ്‌സ്, പൈലറ്റ്, മൈക്രോ തുടങ്ങിയ വിഐപികളൊക്കെ ഇവിടെ ചികിത്സക്കു പതിവായെത്തുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണു ‘ഡോക്ടറു’ടെ സേവനം ലഭ്യമാവുക.

Exit mobile version