ഹരിപ്പാട് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നു, കവര്‍ച്ച ചെയ്തത് ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍

ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ രണ്ട് സ്വര്‍ണ പാദസ്വരങ്ങള്‍, കൈ ചെയിന്‍, രണ്ട് മോതിരം എന്നിവ പൊട്ടിച്ചെടുത്തു.

ആലപ്പുഴ: ഹരിപ്പാട് സ്‌കൂട്ടര്‍ യാത്രക്കാരിയെ രണ്ട് അംഗസംഘം ഇടിച്ചു വീഴ്ത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ രണ്ട് സ്വര്‍ണ പാദസ്വരങ്ങള്‍, കൈ ചെയിന്‍, രണ്ട് മോതിരം എന്നിവ പൊട്ടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഹരിപ്പാട് മുട്ടം എന്‍ടിപിസി റോഡിലായിരുന്നു സംഭവം. കരിപ്പുഴ കവലക്കല്‍ ആര്യയ്ക്കാണ് ദാരുണ സംഭവം ഉണ്ടായത്. കവര്‍ച്ച നടത്തിയവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് യുവതി പറയുന്നു.

രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം. പിന്നിലൂടെ സ്‌കൂട്ടറില്‍ വന്നവര്‍ ആര്യയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ആര്യയെ രക്ഷിക്കാന്‍ എന്ന വ്യാജേന അടുത്തെത്തി ആദ്യം ഒരു കാലിലെ പാദസ്വരം ഊരിയെടുക്കുകയുമായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആര്യയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മറ്റേ കാലില്‍ നിന്ന് പാദസ്വരവും കൈചെയിനും, കൂടാതെ മോതിരവും ഊരിയെടുത്തെന്നും യുവതി പറയുന്നു. സംഭവത്തില്‍ കരീലകുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. ഈ റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം പാടത്തിന് നടുവിലൂടെയുള്ള വിജനമായ പ്രദേശമാണ്.

Exit mobile version