സംസ്ഥാനത്ത് മൂന്ന് ദിവസം ചുട്ടുപ്പൊള്ളും; അതീവ ജാഗ്രതാ! പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവയാണ്

ഇന്ന് മുതല്‍ ഏഴാം തീയതി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഏഴാം തീയതി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ താപനില 36°C വരെയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏഴാം തീയതി വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് രാത്രി ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിർദേശങ്ങൾ

പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

Exit mobile version