ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്, ഓര്‍മയില്ലെന്ന് ഡ്രൈവര്‍

സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ച നിയമലംഘനം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് കൈമാറുക. തൃശ്ശൂരില്‍ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു.

എന്നാല്‍ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമാണോയെന്ന് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇത്രയും ആളുകളേയും കൊണ്ട് ദൂരയാത്ര നടത്തുമ്പോള്‍ ഒരു മണിക്കൂറോളം എങ്ങനെയാണ് ഫോണില്‍ സംസാരിക്കുകയെന്നും യദു ചോദിച്ചു.

തനിക്കുമേല്‍ ഇനിയും കേസ് വരുമെന്ന് ഉറപ്പാണ്. അതിനെ കോടതിയില്‍ നേരിടും. ഫോണ്‍ ഉപയോഗം നിയമലംഘനമാണെന്നും പക്ഷെ ചിലപ്പോള്‍ ഫോണ്‍ എടുക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവാറുള്ളതെന്നും യദു പറഞ്ഞു. സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്. നടപടി വരുമ്പോള്‍ അപ്പോള്‍ നോക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു.

Exit mobile version