ജയ ജയ ജയ ജയ ഹേ താരം കുടശ്ശനാട് കനകത്തിന് സ്വന്തം വീട്ടില്‍ തലചായ്ക്കാം: സ്‌നേഹ വീടൊരുക്കി ഓര്‍ത്തഡോക്സ് സഭ

കൊച്ചി: ജയ ജയ ജയ ജയ ഹേ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ തന്നെ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് പള്ളി ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയാണ് താരത്തിന്റെ സ്വന്തം വീടെന്ന സ്വപ്‌നം സഫലമാക്കിയത്. കൊച്ചുമകളുടെ ചികിത്സാ ചെലവിനായാണ് കനകത്തിന് സ്വന്തമായുണ്ടായ വീടും സ്ഥലവും വില്‍ക്കേണ്ടി വന്നത്. പിന്നീട് വാടക വീടുകളിലായിരുന്നു താമസം.

സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീട് നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ പദ്ധതികളിലൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല. കോട്ടയം ദേവലോകം അരമനയിലെത്തി ബസ്സേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ബാവയ്ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് പള്ളി ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി വഴി വീടുനിര്‍മ്മാണത്തിനായി എട്ട് ലക്ഷം രൂപ അനുവദിച്ചു.

മാത്രമല്ല സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ട് കനകം 2.75 സെന്റ് ഭൂമിയും സ്വന്തമാക്കി. ഇവിടെയാണ് സ്നേഹ വീടുയര്‍ന്നത്. മൂന്ന് മാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ആര്‍ദ്ര വൈസ് ചെയര്‍മാന്‍ ഫാ.വില്‍സണ്‍ മണലേത്താണ് വീടിന്റെ താക്കോള്‍ കൈമാറിയത്. ഫാ. ഡിനിയല്‍ പുല്ലേലില്‍, ഫാ വില്‍സണ്‍ ശങ്കരത്തില്‍, ഫാ. ടിനോ തങ്കച്ചന്‍, ഐ സി തമ്പാന്‍, സിബി കെ വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വെഞ്ചരിപ്പ് ചടങ്ങുകള്‍ നടന്നത്. പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പ്രമോദ് നാരായണന്‍ എംഎല്‍എ, സംവിധായകരായ വിപിന്‍ദാസ്, അനു പുരുഷോത്തം, പ്രൊഡ്യൂസര്‍ രാജേഷ്, കെ ശശികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version