കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, തൊടുപുഴയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം

ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മര്‍ദ്ദം താഴ്ന്നു.

തൊടുപുഴ: കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഔട്ട്ലെറ്റിലെ ജീവനക്കാരിയായിരുന്നു നിഖിത.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലര്‍ജി ഉണ്ടാവാന്‍ കാരണമെന്ന് ഡോക്ടന്മാര്‍ അറിയിച്ചു. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അലര്‍ജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തില്‍ അലര്‍ജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മര്‍ദ്ദം താഴ്ന്നു.

ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ശേഷം നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു.

ALSO READ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം, ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

നിഖിതയുടെ സഹോദരന്‍ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Exit mobile version