സംശയ രോഗം, ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

തൃശ്ശൂര്‍ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്.

തൃശൂര്‍: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്. 2017 മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

രാത്രി മദ്യപിച്ചെത്തിയ ജിതീഷ് വീട്ടില്‍ ഭാര്യയുടെ ചാരിത്രത്തില്‍ സംശയിച്ച് വഴക്കുണ്ടാക്കി. ശേഷം ഭാര്യ സന്ധ്യയുടെ വായില്‍ മദ്യം ഒഴിച്ച് കൊടുത്ത് മര്‍ദ്ദിക്കുകയും ചെയ്തു. ജിതീഷിന്റെ മര്‍ദനത്തില്‍ നിന്ന് ടോര്‍ച്ച് കൊണ്ട് തലക്കടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നില്‍ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയും ഭീക്ഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് 3 കുട്ടികളെയും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 15 സക്ഷികളെയും 35 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി.

ALSO READ ‘ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയിൽ വന്നത്, ഒന്നും പറയാൻ കിട്ടണില്ല’; കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

ദൃക്‌സാക്ഷികളായ കുട്ടികളുടെയും അയല്‍ക്കാരുടെയും സാക്ഷിമൊഴികള്‍ നിര്‍ണ്ണായകമായി. മൂന്ന് കുഞ്ഞുങ്ങളെ പൂര്‍ണ്ണ അനാഥത്ത്വത്തിലേക്ക് എത്തിച്ച പ്രതിയുടെ അതിക്രൂര പ്രവൃത്തിക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Exit mobile version