ആദ്യ കഴുകലില്‍ 2,350 രൂപയുടെ ചുരിദാറിന്റെ നിറം പോയി: കടയുടമ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ആലപ്പുഴ: ആദ്യ കഴുകലില്‍ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയി, കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ വിലയും നല്‍കണമെന്ന് ഉത്തരവിട്ട് ആലപ്പുഴ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.

ആലപ്പുഴ രേവതിയില്‍ കെ സി രമേശാണ് ആലപ്പുഴ വഴിച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന റെഡിമെയ്ഡ് സ്ഥാപനത്തില്‍ നിന്ന് ചുരിദാര്‍ വാങ്ങിയത്. മരുമകള്‍ക്ക് വിവാഹവാര്‍ഷിക സമ്മാനമായി നല്‍കിയ ചുരിദാറിന് 2,350 രൂപയായിരുന്നു വില.

ആദ്യ കഴുകലില്‍ തന്നെ ചുരിദാര്‍ ചുരുങ്ങി, കളറും പോയി. ഇതോടെ ആലപ്പുഴ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ചുരിദാറിന്റെ വിലയായ 2,350 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതിച്ചെലവിനത്തില്‍ 2,000 രൂപയും 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി ആര്‍ ഷോളിയും അംഗം സി കെ ലേഖമ്മയും ഉത്തരവിട്ടു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ ഇ ഡി സക്കറിയാസ്, എസ് രാജി എന്നിവര്‍ ഹാജരായി.

Exit mobile version