356-ാം വകുപ്പ് പ്രധാനമന്ത്രിയുടെ കൈയ്യില്‍ ഭദ്രം; വിരട്ടാന്‍ ആണ് ഭാവമെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ല; ‘വിരട്ടി’ എംടി രമേശ്

പിണറായിയെ വിരട്ടാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ധാരാളം മതിയെന്നും എംടി രമേശ് പറയുന്നു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിരട്ടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. 356-ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യില്‍ ഭദ്രമാണെന്ന് മറക്കേണ്ടെന്നും, വിരട്ടാന്‍ ആണ് ഭാവമെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുകയില്ലെന്നും നേതാവ് പറയുന്നു.

356-ാം വകുപ്പ് മോഡിയ്ക്ക് പ്രയോഗിക്കാന്‍ വലിയ പ്രയാസം ഒന്നും ഇല്ല. പിണറായിയെ വിരട്ടാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ധാരാളം മതിയെന്നും എംടി രമേശ് പറയുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബിജെപി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എംടി രമേശ്.

സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഈ ഗവര്‍മെന്റ് അധികകാലം ഇങ്ങനെ പോകില്ല. എല്ലാ കാലത്തും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ടെന്നും നേതാവ് ഓര്‍മ്മിച്ചു. അടിയന്തരവാസ്ഥകാലത്ത് തങ്ങളെ പീഡിപ്പിച്ചവര്‍ ജയിലറകള്‍ക്കുള്ളിലാണ് പോയത്.

ഇന്ന് 55 വയസ് കഴിഞ്ഞ് വിരമിക്കുമ്പോള്‍ നിങ്ങള്‍ സാധാരണക്കാരാണ് പുറത്തുവരുന്നതെന്ന് ഓര്‍ക്കുന്നത് നന്നെന്നും പോലീസുകാരോടായി എംടി രമേശ് പറഞ്ഞു. സാധാരണക്കാരാകുമ്പോള്‍ ജനം നിങ്ങളെ സാധാരണക്കാരെപ്പോലെ കൈകാര്യം ചെയ്യും. അതിനാല്‍ മാറിയ സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാന്‍ ഇവര്‍ തിരക്കുകൂട്ടുകയാണെന്നും എംടി രമേശ് പറഞ്ഞു.

Exit mobile version