മറ്റൂര്‍ മഹാദേവ ക്ഷേത്രത്തിന് ഇനി സ്വന്തം കൊമ്പന്‍: യന്ത്ര ആനയെ നടയ്ക്കിരുത്തി നടി പ്രിയാമണി

കൊച്ചി: കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ യന്ത്ര ആനയെ നടയ്ക്കിരുത്തി നടി പ്രിയാമണി. ഒറിജിനല്‍ ആനയെ വെല്ലുന്ന രീതിയില്‍ ഒത്ത ആകാരത്തിലും തലപ്പൊക്കത്തിലും എത്തിയ യന്ത്ര ആനയെ കണ്ട അത്ഭുതത്തിലാണ് നാട്ടുകാര്‍. മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം മെഷീന്‍ ആനയെ സംഭാവന ചെയ്തത്.

ജീവനുള്ള ആനകളെ സ്വന്തമാക്കുകയോ വാടകയ്ക്ക് കൊണ്ടുവരികയോ ചെയ്യില്ലെന്ന ക്ഷേത്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് യന്ത്ര ആനയെ നടക്കിരുത്തിയത്. മഹാദേവന്‍ എന്ന് പേരിട്ടിരിക്കുന്ന ആന, ക്രൂരതകളില്ലാതെയും സുരക്ഷിതമായും ക്ഷേത്ര ചടങ്ങുകള്‍ നടത്താന്‍ ഉപയോഗിക്കുമെന്ന് പെറ്റ ഞായറാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

അമ്പലമുറ്റത്ത് നടയിരുത്തിയ മെക്കാനിക്കല്‍ ആനയാണ് ഇനി ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെ തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. ക്ഷേത്രത്തിലേക്ക് മെഷീന്‍ ആനയെ സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് പ്രിയാമണി പ്രതികരിച്ചു. സുരക്ഷിതയും മൃഗ സൗഹൃദവുമായി വിശ്വാസികള്‍ക്ക് ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം പറഞ്ഞു.

വടക്കന്‍ പറവൂരിലെ ആനമേക്കര്‍ സ്റ്റുഡിയോ ആണ് നിര്‍മ്മാണം. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിര്‍മിച്ചത്. തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യമായി മെഷീന്‍ ആനയെ എത്തിയത്. മികച്ച പ്രതികരണമാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇതോടെയാണ് മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് രണ്ടാമത്തെ ആനയെ എത്തിച്ചത്. കൂടുതല്‍ ക്ഷേത്രങ്ങളില്‍ യന്ത്ര ആനകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പെറ്റ. ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം അനുസരിച്ച് മറ്റ് ക്ഷേത്രങ്ങളിലും നാട്ടിലെ ഉദ്ഘാടന പരിപാടികള്‍ക്കും മഹാദേവന് പങ്കെടുക്കാം.

Exit mobile version