മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം, തൃശൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

ഗൾഫിലേക്ക് പോകുന്ന പുള്ളിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ ആഘോഷിക്കാനെത്തിയതായിരുന്നു എല്ലാവരും.

തൃശൂര്‍: തൃശ്ശൂരിലെ പുള്ളില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ചെന്ത്രാപ്പിന്നി സ്വദേശി വിശാല്‍, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ഒളരി മദര്‍ ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. വിശാലിന് കഴുത്തിലും മറ്റു രണ്ടു പേര്‍ക്ക് ഷോള്‍ഡറിലും തലയിലുമാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ടോടൊണ് സംഭവം. ഗള്‍ഫിലേക്ക് പോകുന്ന പുള്ളിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു സുഹൃത്തുക്കള്‍ എല്ലാവരും. പത്തിലധികം പേരുണ്ടായിരുന്നതായി പറയുന്നു.

ALSO READ ബൈക്കുകള്‍ കൂട്ടിയിടിച്ചു; റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

ഉച്ചക്ക് ശേഷമാണ് പറമ്പില്‍ വച്ച് മദ്യപാനം തുടങ്ങുന്നത്. ലഹരി തലയ്ക്കു പിടിച്ചതോടെ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ വീട്ടില്‍ നിന്നു വാക്കത്തി എടുത്ത് കൊണ്ടു വന്ന് വെട്ടുകയായിരുന്നു. വെട്ടേറ്റവരെ മറ്റു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version