ജനം ഷാ ഫൈസലിന്റെ മനോവേദനയും രോഷവും കുറിച്ചിടും, ഓര്‍ക്കുക; രാജിവെച്ച കശ്മീരി ഐഎഎസ് കാരന് സല്യൂട്ട് നല്‍കി പി ചിദംബരം

ഷാ ഫൈസല്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് ചിദംബരം പറയുന്നു.

ന്യൂഡല്‍ഹി: കാശ്മീരില്‍ നിന്ന് ഐഎഎസില്‍ റാങ്ക് നേടിയിട്ടും എല്ലാ പദവിയും നിഷ്പ്രയാസം തൂക്കിയെറിഞ്ഞ ഷാ ഫൈസലിന് സല്യൂട്ട് നല്‍കി പി ചിംബരം. വിഷയവുമായി ബന്ധപ്പെടുത്തി കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും നടത്തുന്നുണ്ട്. കാശ്മീരികളെ കൊന്നൊടുക്കുന്നുവെന്നും ഇന്ത്യന്‍ മുസ്ലീങ്ങളെ അവഗണിക്കുന്നുവെന്നും ആരോപിച്ചാണ് ഷാ ഫൈസല്‍ ഐഎഎസ് ഉദ്യോഗത്തില്‍ നിന്ന് രാജിവെച്ചത്.

ഷാ ഫൈസല്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് ചിദംബരം പറയുന്നു. ജനങ്ങള്‍ ഷാ ഫൈസലിന്റെ മനോവേദനയും രോഷവും കുറിച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനവും വിമര്‍ശനവും ഒപ്പം കുറിച്ചത്. ഷാ ഫൈസലിന്റെ രാജി കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കുറ്റാരോപണം കൂടിയാണെന്നും മുന്‍ ആഭ്യന്തരമന്ത്രികൂടിയായ ചിദംബരം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ജൂലിയോ റിബൈറോയും ഇതേകാര്യങ്ങള്‍ മുമ്പ് പറഞ്ഞിരുന്നതായും ചിദംബരത്തിന്റെ ട്വീറ്റില്‍ പറയുന്നു. സമൂഹത്തിലെ ഉന്നതരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ വരുമ്പോള്‍ നമ്മുടെ ശിരസ് അപമാനത്താല്‍ കുനിഞ്ഞുപോകുന്നുവെന്നും ചിദംബരം ട്വിറ്റില്‍ പറയുന്നു.

Exit mobile version