വര്‍ക്കല ബീച്ചില്‍ ഫ്‌ലോട്ടിംഗ് പാലം തകര്‍ന്ന് അപകടം: 15 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നിലഗുരുതരം

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിനോദ സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ലോട്ടിംഗ് പാലം തകര്‍ന്ന് അപകടം. ശക്തമായ തിരയില്‍പ്പെട്ടാണ് പാലം തകര്‍ന്നത്. 15 പേര്‍ അപകടത്തില്‍പ്പെട്ടു. ഇവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരം. ആന്ധ്ര സ്വദേശി 29 വയസ്സുള്ള അനിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടികളടക്കം അപകടത്തിലായവരുടെ കൂട്ടത്തിലുണ്ട്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു.

ഉയര്‍ന്ന തിരമാലയില്‍ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. വലിയ തിരമാലകള്‍ രൂപം കൊള്ളുന്ന ഇടമായതിനാല്‍ വളരെ സൂക്ഷിച്ച മാത്രമേ പോകാവുള്ളു എന്ന മുന്നറിയിപ്പ് പ്രദേശവാസികള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫ്‌ലോട്ടിംഗ് പാലം ഉദ്ഘാടനം ചെയ്തത്.

Exit mobile version