തൂപ്പുജോലി ചെയ്ത് വീടുണ്ടാക്കി മകള്‍ക്ക് കൊടുത്തു: വീട്ടില്‍ കയറ്റാതെ മകള്‍; വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി 78കാരി

കൊച്ചി: മകള്‍ വീട് പൂട്ടി പുറത്താക്കിയ അമ്മ പൂട്ട് പൊളിച്ച് അകത്തു കയറി. വൈറ്റില തൈക്കൂടം സ്വദേശിയാണ് 78കാരിയായ സരോജിനി അമ്മയെയാണ് മക്കള്‍ വിലക്കിയത്. മൂത്ത മകള്‍ ഇറക്കി വിട്ട സരോജിനിയെ ഇളയ മകളും ഒപ്പം താമസിപ്പിച്ചില്ല. വീട്ടില്‍ കയറ്റണമെന്ന് ആര്‍ ഡിയോടെ ഉത്തരവുണ്ടായിട്ടും പോലീസ് ഇടപെടുന്നില്ലെന്ന് പരാതിപ്പെട്ട സരോജിനിയമ്മ ഒടുവില്‍ വാതില്‍ പൊളിച്ച് വീട്ടില്‍ കയറി.

തൈക്കൂടത്തെ എകെജി റോഡിലെ വീട്ടില്‍ സരോജിനിയമ്മ മൂത്ത മകളോടൊപ്പം ആയിരുന്നു താമസം. ഒരു വര്‍ഷം മുന്‍പ് മകള്‍ വീടുപൂട്ടി പോയതോടെ ഇളയ മകളോടൊപ്പം താമസിച്ചു. എട്ടു ദിവസം മുന്‍പാണ് തൈക്കൂടത്തെ സ്വന്തം വീട്ടിലേക്ക് വീണ്ടും തിരിച്ചു വന്നത്. മൂത്തമകള്‍ വീട് തുറന്നു നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന്, അയല്‍ വീടുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു സരോജിനിയമ്മ. വീട്ടില്‍ താമസിക്കാന്‍ ആയി ആര്‍ഡിയോയുടെ ഉത്തരവുമായി എത്തിയിട്ടും ഫലമുണ്ടായില്ല.

വിവരമറിഞ്ഞ് നാട്ടുകാര്‍ കൂടിയതോടെ എംഎല്‍എയും പോലീസും സ്ഥലത്തെത്തി. അഞ്ചു മണിക്കൂറുകളായി വീടിനു പുറത്ത് കാത്തുനിന്ന സരോജിനിയമ്മ ഒടുവില്‍ ആയുധം കൊണ്ട് പൂട്ടു പൊളിച്ച് വീടിന്റെ അകത്തു കയറി.

ഭര്‍ത്താവ് മരിച്ച ശേഷം തൂപ്പുജോലിക്ക് പോയി സരോജിനി നിര്‍മ്മിച്ചതാണ് അഞ്ച് സെന്റ് ഭൂമിയിലെ രണ്ട് വീടുകള്‍. തന്നെ സംരക്ഷിക്കാമെന്ന് ഉറപ്പിലാണ് വീടുകള്‍ രണ്ട് പെണ്‍മക്കള്‍ക്കുമായി നല്‍കിയതെന്ന് സരോജിനി അമ്മ പറഞ്ഞു. മൂത്ത മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇളയ മകള്‍ക്ക് ലഭിച്ച വീട് വാടകയ്ക്ക് കൊടുത്ത് അവര്‍ ഭര്‍തൃവീട്ടിലാണ് താമസിക്കുന്നത്.

Exit mobile version