ഷെമീറയുടെയും കുഞ്ഞിന്റെയും ദാരുണ മരണം: ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. അന്വേഷണത്തിന് ശേഷം മാത്രമേ അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ആളെ പ്രതിയാക്കുന്നതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും സമാനമായ മൊഴിയാണ് നല്‍കിയത്.

അതേസമയം അമ്മയുടെയും കുഞ്ഞിന്റെയും മരണം നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഗുരുതരമായ കുറ്റകൃത്യമെന്നും നല്‍കിയത് അംഗീകാരമില്ലാത്ത ചികിത്സയായതിനാല്‍ നിയമനപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

യുവതിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തത് അന്വേഷിക്കുമെന്നും സമൂഹം ഇത്തരം പ്രവണതകളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ പ്രസവിക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് പാലക്കാട് സ്വദേശിയായ ഷെമീറ ബീവിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത്. ഭര്‍ത്താവ് നയാസ് ഉപേക്ഷിക്കുമെന്ന പേടിയിലായിരുന്നു ഷെമീറ ബീവിയെന്നും പ്രസവം വീട്ടിലാക്കാന്‍ അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ലായിരുന്നുവെന്നും കൗണ്‍സിലര്‍ ദീപിക വെളിപ്പെടുത്തി. 3 മണിയോടെ പ്രസവ വേദന തുടങ്ങിയ ഷെമീറയ്ക്ക് 5.30 ആയപ്പോഴേക്കും രക്തസ്രാവം അമിതമായി. കുഞ്ഞിന് വെളിയിലേക്ക് വരാന്‍ തടസ്സമുണ്ടായി. പിന്നാലെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് അയല്‍വാസികള്‍ പോലും വിവരമറിയുന്നത്.

Exit mobile version