വേനല്‍ച്ചൂട് കനക്കുന്നു: സ്‌കൂളുകളില്‍ ഇനി വാട്ടര്‍ ബെല്‍

തിരുവനന്തപുരം: ഇനി മുതല്‍ സ്‌കൂളുകളില്‍ വെള്ളം കുടിക്കാനായി ഇടവേള. സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളില്‍ വാട്ടര്‍ ബെല്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ ഇന്റര്‍വെല്ലുകള്‍ക്കു പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കാന്‍ തീരുമാനമായിരിക്കുന്നത്. അഞ്ചു മിനിറ്റ് സമയമായിരിക്കും വെള്ളം കുടിക്കാനുള്ള ഇടവേള. രാവിലെ 10.30നും രണ്ടു മണിക്കുമായിരിക്കും വാട്ടര്‍ ബെല്‍ മുഴങ്ങുക.

ഡേ കെയറില്‍നിന്ന് കുട്ടി വീട്ടിലെത്തിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. കുന്നുപോലെ ഡേ കെയര്‍ ആരംഭിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കും എവിടെയും ഡേ കെയറുകള്‍ തുടങ്ങാമെന്നതാണ് സ്ഥിതി. ഒരു യോഗ്യതയുമില്ലാത്ത ടീച്ചര്‍മാരാണ് ഡേ കെയറുകളില്‍ പ്രവര്‍ത്തിക്കുന്നത്. വിഷയത്തെ ഗൗരവമായി സര്‍ക്കാര്‍ കാണുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Exit mobile version