തലമുടിയിലേത് ഭസ്മം: വേഷപ്രഛന്നയായല്ല ശബരിമലയിലെത്തിയതെന്ന് മഞ്ജു

പത്തനംതിട്ട: വേഷം മാറിയല്ല ശബരിമലയില്‍ പോയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ്പി മഞ്ജു. തലമുടി നരപ്പിച്ച് വേഷം മാറിയാണ് മഞ്ജു ശബരിമലയില്‍ എത്തിയതെന്ന പ്രചരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മഞ്ജു.

വേഷപ്രഛന്നയായല്ല താന്‍ പോയതെന്നും മുടിയില്‍ ഭസ്മമാണ് ഉണ്ടായിരുന്നതെന്നും മഞ്ജു പറഞ്ഞു. സന്നിധാനത്തെത്തിയ താന്‍ നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. അയ്യപ്പ സേവാ സംഘമാണ് തന്നെ സഹായിച്ചതെന്നും മഞ്ജു അറിയിച്ചു.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശബരിമല ദര്‍ശനം നടത്തിയ വിവരം മഞ്ജു പങ്കുവച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അയ്യപ്പ ദര്‍ശനം നടത്തിയതായി മഞ്ജു അവകാശപ്പെടുന്നത്. ശബരിമല സന്നിധാനത്ത് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും ഇവര്‍ പുറത്തുവിട്ടു. പതിനെട്ടാം പടിയിലൂടെ തന്നെയാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും മഞ്ജു അറിയിച്ചു.

Exit mobile version