മീ ടൂവില്‍ കുടുങ്ങിയ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി

ബിനാലെ നിര്‍വ്വാഹക സമിതി അംഗമായ വി സുനിലിനാണ് പകരം ചുമതല

കൊച്ചി: മീ ടൂവില്‍ കുരുങ്ങിയ ചിത്രകാരന്‍ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി. ബിനാലെ നിര്‍വ്വാഹക സമിതി അംഗമായ വി സുനിലിനാണ് പകരം ചുമതല. റിയാസ് കോമുവിന് എതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ ഈ മാസം തന്നെ മാനേജിംഗ് ട്രസ്റ്റികളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ തീരുമാനം.

റിയാസ് കോമുവിനെതിരായ മീടൂ ആരോപണത്തില്‍ ശക്തമായ നടപടിയ്‌ക്കൊരുങ്ങുകയാണ് ബിനാലെ ഫൗണ്ടേഷന്‍. ബിനാലെ മാനേജിംഗ് കമ്മിറ്റി അംഗമായ വി സുനിലിന് സെക്രട്ടറി സ്ഥാനം നല്‍കി. ട്രസ്റ്റിന്റെ അടിയന്തരയോഗം ചേര്‍ന്ന് റിയാസ് കോമുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ചലച്ചിത്ര താരം സഞ്ജന കപൂര്‍, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് തുടങ്ങി 11 പേരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. ഇവരെയെല്ലാവരെയും പങ്കെടുപ്പിച്ച് ഈ മാസം ഇരുപത്തിയെട്ടിന് കൊച്ചിയില്‍ അടിയന്തര യോഗം ചേരും. യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച പരാതിയായതിനാല്‍ വനിതാ അംഗങ്ങളുടെ തീരുമാനത്തിന് പ്രാമുഖ്യം നല്‍കും.

ഗുരുതര ആരോപണമായതിനാല്‍ മുഴുവന്‍ അംഗങ്ങളുടെയും നിലപാടുകള്‍ അറിഞ്ഞ ശേഷം റിയാസ് കോമുവിന് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണ് നീക്കം. കൊച്ചി ബിനാലെക്കിടെ അപമര്യാദയായി പെരുമാറിയെന്ന ചിത്രകലാ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ റിയാസ് കോമുവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ യാതൊരു തരത്തിലും ബിനാലെയെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികള്‍.

Exit mobile version