ഹൈറിച്ചിന്റേത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ്: ഉടമകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇഡി

കൊച്ചി: ഹൈറിച്ച് ഉടമകള്‍ നടത്തിയത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന് ഇഡി. ഹൈറിച്ച് ഉടമകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇഡി കോടതിയില്‍. ഉടമകള്‍ക്കെതിരായ പോലീസ് കേസുകളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചത്. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറന്‍സി വഴിയാണെന്നാണ് ഇഡി പറയുന്നത്.

ക്രിപ്‌റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്‌ഫോം എന്നിവയുടെ മറവിലാണ് ഹൈറിച്ച് എംഡി വിഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും 1157 കോടി രൂപ തട്ടിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇതില്‍ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഉടമകള്‍, കാനഡയില്‍ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

കാനഡയില്‍ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇഡിയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇടപാടുകള്‍ക്ക് ഇടനിലക്കാരായ പത്തിലേറെ പോലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.

Exit mobile version