പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ അടപ്പ് കുടുങ്ങി; രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍

തളിപ്പറമ്പിലെ കെഎസ്ഇബി ജീവനക്കാരായ പി വി ചന്ദ്രനും ഇ എം ഉണ്ണികൃഷ്ണനുമാണ് ആറ് മാസം പ്രായമായ കുഞ്ഞിന് രക്ഷകരായി എത്തിയത്.

കണ്ണൂര്‍: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍. തളിപ്പറമ്പിലെ കെഎസ്ഇബി ജീവനക്കാരായ പി വി ചന്ദ്രനും ഇ എം ഉണ്ണികൃഷ്ണനുമാണ് ആറ് മാസം പ്രായമായ കുഞ്ഞിന് രക്ഷകരായി എത്തിയത്.

തളിപ്പറമ്പ്, ഏഴാം മൈലിലെ വീട്ടില്‍ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. അതിനിടെ അടുത്ത വീട്ടിലെ സ്ത്രീയുടെ നിലവിളി കേല്‍ക്കുകയും അവിടേക്ക് ഓടി എത്തുകയുമായിരുന്നു.

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ കുഞ്ഞിന്റെ പുറത്ത് തട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. എത്രയും വേഗം ഇരുവരും ചേര്‍ന്ന് ബൈക്കില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല, നഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ച ശേഷം ഒട്ടും സമയം കളയാതെ കുഞ്ഞിനെ അവര്‍ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ എത്തിച്ചു.

ALSO READ അയോധ്യ പ്രതിഷ്ഠ ദിനം; കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു

ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അല്‍പ്പസമയത്തിനുള്ളില്‍ കുട്ടിയുടെ തൊണ്ടയില്‍ നിന്ന് അടപ്പ് പുറത്തെടുത്തു. വൈകാതെ കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായത് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Exit mobile version