കുട്ടി കര്‍ഷകന് മാത്യുവിന് സഹായവുമായി മന്ത്രിമാരും: അഞ്ച് പശുക്കളെയും കാലിത്തീറ്റയും സൗജന്യമായി നല്‍കും

തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകനായ മാത്യുവിന് അഞ്ചു പശുക്കളെ സൗജന്യമായി നല്‍കുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഭക്ഷ്യവിഷബാധയേറ്റ് മാത്യുവിന്റെ 13 പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് നടപടി. അടുത്ത ആഴ്ച തന്നെ പശുക്കളെ നല്‍കും.

45, 000 രൂപ മില്‍മ ഉടന്‍ കൈമാറുമെന്നും മാത്യുവിന്റെ വീട്ടിലെത്തി മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റ്യനും ഉറപ്പു നല്‍കി. പിതാവ് മരിച്ച ശേഷം മൂന്നുമക്കളടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗമായിരുന്നു ഈ പശുക്കള്‍. മാട്ടുപ്പെട്ടിയില്‍ നിന്ന് നല്ല ഇനം പശുക്കളെയാണ് നല്‍കുക. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സിനിമാലോകത്തുനിന്നും താരങ്ങള്‍ മാത്യുവിന് സഹായവുമായി എത്തിയിരുന്നു. പുതിയ ചിത്രം ഓസ്ലറിന്റെ ട്രെയിലര്‍ ലോഞ്ചിന് മാറ്റിവച്ച പണം ജയറാം മാത്യുവിന്റെ വീട്ടിലെത്തി കൈമാറി. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷവും കുട്ടി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജയറാം വ്യക്തമാക്കി.

Exit mobile version