തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം, അണിനിരത്തുക 15 ആനകളെ

തൃശൂര്‍: തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം. അടുത്തയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശ്ശൂരെത്തുന്നത്.

മിനി പൂരം സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് എന്നതാണ്.

also read:കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പിരിഞ്ഞ്താമസം, മകളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

പ്രധാനമന്ത്രി ജനുവരി മൂന്നിനാണ് തൃശൂരിലെത്തുന്നത്. റോഡ് ഷോ നടക്കുന്ന സമയത്ത് മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടി.

അനുമതി ലഭിച്ചാല്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 15 ആനകളെ അണിനിരത്ത് മിനി പൂരം നടത്താനാണ് തീരുമാനം. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

റോഡ് ഷോക്ക് ശേഷം മോദി തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തിലും പങ്കെടുക്കും.രണ്ട് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.

Exit mobile version