കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 5:45 നാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്.

എറണാകുളം: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പെരുമ്പാവൂര്‍ പൊഞ്ഞശ്ശേരി ചെമ്പാരത്തുകുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന 29കാരിയാണ് ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 5:45 നാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്.

ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് വിനോദ് പി.വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എല്‍ദോ വി പത്രോസ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി.

തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എല്‍ദോ വി പത്രോസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.

ALSO READ ജനുവരിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും, സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

രാവിലെ 6.10ന് എല്‍ദോയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് എല്‍ദോ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ശേഷം ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് വിനോദ് അമ്മയെയും കുഞ്ഞിനേയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Exit mobile version