സര്‍ക്കാര്‍ നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: സര്‍ക്കാര്‍ നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും പാളിച്ച പറ്റിയെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കപടമതേതരവാദം മനസ്സില്‍ വെച്ച് നിരീശ്വരവാദം അടിച്ചേല്പിക്കാനാണെന്നും സുപ്രീംകോടതിയുടെ എത്രയോ വിധികള്‍ നടപടിയാകാതെ സര്‍ക്കാരിന്റെ മുമ്പിലുണ്ടെങ്കിലും അതിലൊന്നുമില്ലാത്ത തിടുക്കം ശബരിമല വിഷയത്തിലുണ്ടായെന്നും ജി സുകുമാരന്‍ പറയുന്നു. സര്‍ക്കാരിനെ ഇതുവരെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാനാവില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പം പ്രതിഷേധിച്ചപ്പോള്‍ മന്നത്ത് പത്മനാഭനും നവോത്ഥാനനായകരും അനാചാരങ്ങള്‍ക്കെതിരേ പടപൊരുതിയത് ചൂണ്ടിക്കാട്ടി ചിലര്‍ എതിര്‍ത്തു. സമുദായാചാര്യന്റെ പ്രവര്‍ത്തനങ്ങള്‍ അനാചാരങ്ങള്‍ തുടച്ചുനീക്കുന്നതിനായിരുന്നു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നാമം ജപിച്ചുള്ള സഹനസമരമാണ് എന്‍എസ്എസ് നടത്തിയത്. മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Exit mobile version