ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ പമ്പയില്‍ തടഞ്ഞു; സംരക്ഷണം നല്‍കി പോലീസ് സന്നിധാനത്തെത്തിച്ചു, കുറ്റക്കാര്‍ക്കെതിരെ നടപടി

ശബരിമല: തമിഴ്നാട്ടില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ അജിത(26)യെ പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തെത്തിച്ചു. പമ്പയില്‍ രാവിലെ ഒമ്പേതാടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമാപ്പം എത്തിയ ഈ മധുര സ്വദേശിയെ സ്വാമി അയ്യപ്പന്‍ റോഡുവഴി വരുമ്പോള്‍ നാലുപേര്‍ തടഞ്ഞിരുന്നു.

രേഖകള്‍ ആവശ്യപ്പെട്ട ഇവരോട് നല്‍കാനാകില്ലെന്ന് അജിത ശക്തമായ നിലപാട് എടുത്തു. രേഖകള്‍ എല്ലാം പോലീസിനെ കാട്ടിയിട്ടുണ്ടെന്നും 13 വര്‍ഷമായി ഇവിടെ വരുന്ന താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്നും അജിത പറഞ്ഞു.

വഴി തടഞ്ഞവര്‍ വഴങ്ങാതിരുന്നതോടെ തന്റെ ദേഹപരിശോധന നടത്താന്‍ അജിത വെല്ലുവിളിച്ചു. ഇതിനിടെ പോലീസ് എത്തി സംരക്ഷണമൊരുക്കി അജിതയെ സന്നിധാനത്തേക്ക് കൊണ്ടു വന്നു.

പതിവായി ശബരിമലയില്‍ വരുന്ന തനിക്ക് ഇത് ആദ്യ അനുഭവമാണെന്ന് അജിത പറഞ്ഞു. മലയില്‍ നിന്നു ഇറങ്ങിവന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് തടഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version