ഷബ്‌നയുടെ ആത്മഹത്യ; ഭര്‍തൃപിതാവിന് ജാമ്യം; ഭര്‍ത്താവിന്റേയും സഹോദരിയുടേയും ഹര്‍ജി തള്ളി

റിമാന്റിലുള്ള ഭര്‍തൃ മാതാവ് നബീസയുടേയും അമ്മാവന്‍ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി.

കോഴിക്കോട്: ഷബ്‌നയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. അതേസമയം, ഭര്‍ത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭര്‍തൃ മാതാവ് നബീസയുടേയും അമ്മാവന്‍ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി.

ഓര്‍ക്കാട്ടേരിയില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഷബ്‌ന എന്ന യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പോലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു.

പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ALSO READ കഞ്ചാവ് കടത്ത് സ്വകാര്യ ബസില്‍! സംശയം തോന്നി പരിശോധന നടത്തി എക്‌സൈസ്, യുവാവ് പിടിയില്‍

ഷബ്നയുടെ ആത്മഹത്യയില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version