92 വയസ്സുകാരിയ്ക്ക് ടീച്ചറായി 61കാരി: സാക്ഷരതാ മിഷനില്‍ മികച്ച നേട്ടവുമായി ബിച്ചായിഷ

കോഴിക്കോട്: മനസ്സുണ്ടെങ്കില്‍ പഠിക്കാന്‍ പ്രായം ഒരിക്കലും തടസ്സമല്ല. 92 വയസ്സുകാരി ബിച്ചായിഷയും അതുതന്നെയാണ് പറയുന്നത്. സാക്ഷരതാ മിഷന്‍ മികവുത്സവ(പരീക്ഷ)ത്തില്‍ മികവ് കാട്ടിയിരിക്കുകയാണ് ബിച്ചായിഷ. വായിച്ചും കണക്കുകള്‍ കൂട്ടി ഞൊടിയിടയില്‍ പറഞ്ഞുമാണ് ബിച്ചായിഷ വിസ്മയിപ്പിക്കുന്നത്.

തന്റെ പന്നിയങ്കര വകേരിപറമ്പിലെ വീട്ടിലിരുന്നുകൊണ്ടാണ് ബിച്ചായിഷ പരീക്ഷയില്‍ പങ്കെടുത്തത്. ചോദ്യങ്ങള്‍ തീരുന്ന വേഗത്തില്‍ ഉത്തരം പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് ബിച്ചായിഷ. സക്കീനയാണ് സാക്ഷരതാ ഇന്‍സ്ട്രക്ടര്‍ ആയെത്തിയത്. തുല്യതാ പരീക്ഷയിലൂടെ പഠിച്ചാണ് സക്കീന ഇന്‍സ്ട്രക്ടറായത്. ഇപ്പോള്‍ പ്ലസ് ടു തുല്ല്യത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണിവര്‍.

ബിച്ചായിഷയ്ക്ക് സാക്ഷരതാ പുസ്തകം ലഭിച്ചിട്ട് ഒരു മാസം മാത്രമേ ആകുന്നുള്ളൂ. അക്ഷരങ്ങളൊക്കെയും കണ്ടതോടെ 92 വയസ്സുകാരിയുടെ കൗതുകം കൂടി. എങ്ങനെയും അക്ഷരങ്ങളും കണക്കുമൊക്കെ പഠിച്ചെടുക്കണമെന്ന ആഗ്രഹം ഏറി. കണക്കാണ് ബിച്ചായിഷയ്ക്ക് കൂടുതല്‍ ഇഷ്ടം. പഠിക്കണമെന്ന് താത്പര്യം ഉണ്ടായിരുന്നെങ്കിലും പണ്ടുകാലത്ത് സ്‌കൂളില്‍ വിട്ടിരുന്നില്ല. ഇപ്പോള്‍ പ്രായമായതിന്റെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും പഠിക്കാന്‍ നല്ല രസമാണെന്ന് ബിച്ചായിഷ പറയുന്നു. മകനോടും കുടുംബത്തോടുമൊപ്പമാണ് ബിച്ചായിഷയുടെ താമസം.

ബിച്ചായിഷയുടെ ഇന്‍സ്ട്രക്ടര്‍ സക്കീനയ്ക്കും ഏറെ പ്രത്യേകതയുണ്ട്. 61 വയസുകാരിയായ സക്കീന ആറാം ക്ലാസ് വരെ പഠിച്ചെങ്കിലും പിന്നീട് പഠനം തുടരാന്‍ കഴിഞ്ഞില്ല. വിവാഹവും കുടുംബ ജീവിതവും പഠനത്തിന് തടസമായി നിന്നത്. പക്ഷെ മനസ്സില്‍ പഠിക്കണമെന്ന ആഗ്രഹം സക്കീനയ്ക്ക് അപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2015ല്‍ ഏഴാം തരം പഠിച്ചു, പിന്നീട് പത്താം തരവും.ഇപ്പോഴിതാ പ്ലസ് ടുവും എഴുതിയെടുക്കാന്‍ ഒരുങ്ങുകയാണ് സക്കീന.

Exit mobile version