ഗംഗാ തീരം മുതല്‍ പമ്പാതടം വരെ കാല്‍ നടയാത്ര: നാലായിരം കീലോമീറ്റര്‍ താണ്ടി അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി രണ്‍ബീര്‍

ശബരിമല: കാനനവാസനെ കണ്ട് അനുഗ്രഹം തേടാന്‍ ഗംഗാ തീരത്തുനിന്ന് പമ്പാതടം വരെ നടന്നെത്തി രണ്‍ബീര്‍ സിങ്. ഉത്തരാഖണ്ഡ് സ്വദേശിയായ രണ്‍ബീര്‍ ആണ് നാലായിരത്തോളം കിലോമീറ്റര്‍ താണ്ടി ശബരിമലയിലേക്ക് എത്തിയത്.

ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ റണ്‍ബീര്‍ ഹരിയാനയില്‍ ഡേറ്റാ അനലിസ്റ്റായി ജോലി നോക്കിയിരുന്നു. എന്നാല്‍ രാജ്യം മുഴുവനുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് കാല്‍നടയായി എത്തുകയെന്ന ലക്ഷ്യത്തോടെ ജോലി ഉപേക്ഷിച്ചു.

മാര്‍ച്ച് പത്തിന് ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ നിന്നാണ് യാത്ര തുടങ്ങിയത്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ഒന്‍പത് സംസ്ഥാനങ്ങളിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായി രണ്‍ബീര്‍ സിങ് പറയുന്നു. ക്ഷേത്രങ്ങളിലാണ് താമസം. ഭക്ഷണവും അവിടങ്ങളില്‍ നിന്നു തന്നെ. ദേശീയപതാകയും ശിവരൂപം പതിപ്പിച്ച പതാകയും തോള്‍ ബാഗില്‍ സ്ഥാപിച്ചാണ് നടത്തം. വെള്ളിയാഴ്ച പമ്പയിലെത്തിയ രണ്‍ബീര്‍ ശനിയാഴ്ചയാണ് കെട്ടുനിറച്ച് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. ഞായറാഴ്ച ദര്‍ശനം നടത്തി തിരിച്ചിറങ്ങി.

തന്റെ യാത്രാ വിശേഷങ്ങള്‍ kartikmahakal എന്ന യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്നുണ്ട്. ശബരിമല ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടക്കയാത്ര എങ്ങനെയാകണമെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Exit mobile version