കൊല്ലത്ത് കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച് 15000 രൂപയ്ക്ക് വിറ്റു, മൂന്നു പേര്‍ പിടിയില്‍

ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപണികള്‍ക്കായി കെഎസ്ഇബി ജീവനക്കാര്‍ കൊണ്ടുവന്നതായിരുന്നു രണ്ട് റോള്‍ അലൂമിനിയം കമ്പികള്‍.

കൊല്ലം: കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച 3 പേര്‍ പോലീസിന്റെ പിടിയിലായി. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍ (42), മൈനാഗപ്പള്ളി കുറ്റി അടക്കതില്‍ സലീം (43), ശാസ്താംകോട്ട, തയ്യ് വിള കിഴക്കതില്‍ മുഹമ്മദ് ഷാഫി (40) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. 15,000 രൂപ വില വരുന്ന കമ്പിയാണ് ഇവര്‍ മോഷ്ടിച്ചത്.

ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപണികള്‍ക്കായി കെഎസ്ഇബി ജീവനക്കാര്‍ കൊണ്ടുവന്നതായിരുന്നു രണ്ട് റോള്‍ അലൂമിനിയം കമ്പികള്‍. ഇവ താത്കാലികമായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പ്രതികളായ പത്മകുമാറും സലീമും ചേര്‍ന്ന് 15,000 രൂപയോളം വില വരുന്ന ഒരു റോള്‍ അലൂമിനിയം കമ്പി മോഷ്ടിക്കുകയും മുഹമ്മദ് ഷാഫി എന്ന ആള്‍ക്ക് വില്‍ക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്‌ഐ പ്രദീപ്, സജിമോന്‍, എഎസ്‌ഐ രഞ്ജിനി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version