100ാം വയസ്സില്‍ കന്നിമല ചവിട്ടി, അയ്യനെ നേരില്‍ കണ്ട് തൊഴുത് പാറുക്കുട്ടിയമ്മ, എത്തിയത് മൂന്ന് തലമുറക്കൊപ്പം

ശബരിമല: നൂറാമത്തെ വയസ്സില്‍ കന്നിമല കയറി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മയാണ് തന്റെ ഏറെക്കാലത്തെ ആഗ്രഹം നൂറാംവയസ്സില്‍ സാധ്യമാക്കിയിരിക്കുന്നത്.

ആദ്യമായിട്ടായിരുന്നു പാറുക്കുട്ടിയമ്മ അയ്യനെ നേരില്‍ കണ്ട് തൊഴാനെത്തിയത്. മൂന്നു തലമുറയില്‍പ്പെട്ടവരുടെ ഒപ്പമാണ് പാറുക്കുട്ടിയമ്മ മല ചവിട്ടിയത്. കൊച്ചുമകന്‍ ഗിരീഷും പേരക്കുട്ടികളുമടങ്ങിയ പതിനാലംഗ സംഘമാണ് ശബരിമലയില്‍ പാറുക്കുട്ടിയമ്മക്കൊപ്പം എത്തിയത്.

also read: ചെന്നൈയില്‍ കനത്ത മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം പ്രഖ്യാപിച്ച് സൂര്യയും കാര്‍ത്തിയും

സംഘത്തില്‍ കൊച്ചുമകന്‍ ഗിരീഷ് കുമാര്‍, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അന്‍വിത, അവന്തിക എന്നിവരാണുള്ളത്. അയ്യനെ കാണാന്‍ നേരത്തേ പോകണം എന്നുണ്ടായിരുന്നുവെന്നും പക്ഷേ, കുറേ കാരണങ്ങള്‍ കൊണ്ട് സാധിച്ചില്ലെന്നും പാറുക്കുട്ടിയമ്മ പറയുന്നു.

പല തവണ മുടങ്ങിയപ്പോള്‍ നൂറു വയസാകുമ്പോഴേ ശബരിമലയിലേക്ക് പോകൂ എന്ന് തീരുമാനിച്ചുവെന്നും പാറുക്കുട്ടിയമ്മ പറയുന്നു. ഇപ്പോള്‍ പതിനെട്ടാംപടിയും പൊന്നമ്പലവും കണ്ട് മനസ്സുനിറഞ്ഞതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടിയമ്മ.

Exit mobile version