തട്ടിക്കൊണ്ടുപോകല്‍ സംഘം ഉപയോഗിച്ചത് മലപ്പുറം സ്വദേശിയുടെ കാറിന്റെ അതേ നമ്പര്‍! ഇതോടെ വണ്ടി പുറത്തിറക്കാനാകാതെ ഉടമ

സ്വന്തം കാർ പുറത്തിറക്കാൻ പറ്റുന്നില്ലെന്നാണ് കാർ ഉടമയായ എടവണ്ണ സ്വദേശി ബിമൽ സുരേഷ് പ്രതികരിച്ചത്

മലപ്പുറം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാര്‍ പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മലപ്പുറം എടവണ്ണ സ്വദേശി ബിമല്‍ സുരേഷ്. തട്ടിക്കൊണ്ടു പോകല്‍ സംഘം ഉപയോഗിച്ച കാറിലെ വ്യാജ നമ്പര്‍ മലപ്പുറം സ്വദേശിയുടെ കാറിന്റെ നമ്പറായിരുന്നു. ഈ നമ്പര്‍ വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് യഥാര്‍ത്ഥ നമ്പര്‍ കാറിന്റെ ഉടമയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നത്.

കാറിന്റെ നമ്പര്‍ എല്ലായിടത്തും പ്രചരിക്കപ്പെട്ടുവെന്നും കാര്‍ പുറത്തിറക്കിയാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ലെന്നും ഉടമ ബിമല്‍ പറയുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രി പോലീസ് വന്നപ്പോളാണ് സംഭവം അറിഞ്ഞതെന്നും മഞ്ചേരി യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്നും ബിമല്‍ പറഞ്ഞു.

കെഎല്‍ 04 എഎഫ് 3239 എന്ന നമ്പറിലുള്ള വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് ബിമലിന്റേത്. അബിഗേലിനെ തട്ടിക്കൊണ്ടുപോയവരും ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാറായിരുന്നു. എന്നാല്‍ വ്യാജ നമ്പറായിരുന്നു ഘടിപ്പിച്ചത്.

ബിമല്‍ സുരേഷിന്റെ കാര്‍ ഉപയോഗിക്കുന്നത് ഡോക്ടര്‍ കൂടിയായ അമ്മയാണ്. ഒരു സ്ഥിരം ഡ്രൈവറും കാറിനുണ്ട്. അതേസമയം, നാളെ കാര്‍ പുറത്തിറക്കാനാണ് ബിമലിന്റെ തീരുമാനം. എന്നാല്‍ ആളുകളുടെ പ്രതികരണം എന്താകുമെന്ന് അറിയില്ലെന്നും ബിമല്‍ പ്രതികരിച്ചു.

Exit mobile version