ബിജെപി, സംവരണത്തെ വോട്ടു ബാങ്ക് രാഷ്ട്രീയമായി തരം താഴ്ത്താന്‍ ശ്രമിക്കുന്നു; സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് വിഎസ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനത്തെ എതിര്‍ത്ത് വിഎസ് അച്യുതാനന്ദന്‍. സംവരണം എന്നത് സാമ്പത്തിക പദ്ധതി അല്ല. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണം. അത് വോട്ടു ബാങ്ക് രാഷ്ട്രീയമായി തരം താഴ്ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വിഎസ് ആരോപിച്ചു.

സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബിജെപി സംവരണം പ്രഖ്യാപിച്ചത്.
രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചപ്പോള്‍ സാമ്പത്തിക സംവരണത്തെ സിപിഎം എതിര്‍ത്തതാണെന്നും വിഎസ് പറഞ്ഞു.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതിനെ സ്വാഗതം ചെയ്തിരുന്നു. ഈ നിലപാട് തള്ളിയാണ് മുതിര്‍ന്ന നേതാവായ വിഎസ് രംഗത്തുവന്നിരിക്കുന്നത്.

Exit mobile version