പത്തനംത്തിട്ട: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയോടുള്ള ലംഘനമാണന്ന് ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ദാസ്. യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി നിന്നു കൊടുക്കുകയാണെന്നും ശങ്കര്‍ദാസ് ആരോപിച്ചു.
സമത്വം ഉറപ്പാക്കുന്ന സുപ്രീംകോടതി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. അല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യല്ല. അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമലയിലെ സ്ഥിതിവിശേഷം എത്രയും വേഗം സുപ്രീംകോടതിയെ അറിയിക്കുമെന്നും സമവായത്തിന്റ പാത അടഞ്ഞിട്ടില്ലെന്നും ശങ്കര്‍ദാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മല കയറാനെത്തിയ യുവതികളുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയത് നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടും സര്‍ക്കാര്‍ ഇടപെടലുമാണ്. സുപ്രീം കോടതി വിധിയെ മാനിക്കുന്നു. പക്ഷേ താന്‍ ഭക്തര്‍ക്കൊപ്പമാണെന്നും യുവതികള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു തന്ത്രിയുടെ നിലപാട്.