ജനത്തെ വലച്ച് ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസി അടക്കം ഗതാഗതം മുടങ്ങി

സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പിന്നിടുമ്പോള്‍ ജനജീവിതത്തെ പണിമുടക്ക് ബാധിച്ചു. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി.

വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്‌സ്പ്രസുകള്‍ തിരുവനന്തപുരത്ത് തടഞ്ഞു. വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു. അതേസമയം, സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയില്‍ തടഞ്ഞു.

എറണാകുളത്ത് നിന്നുള്ള കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ മുടങ്ങി. വയനാട് നിന്നുളള കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകളും മുടങ്ങി.

തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും. കെഎസ്‌ഐആര്‍ടിസി തൊഴിലാളികളും പണിമുടക്കുന്നതിനാല്‍ സര്‍വ്വീസ് നിശ്ചലമാകും.

Exit mobile version