ഇതൊരു തുടക്കം: സ്‌കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടം തിരിച്ചെത്തുന്നു; എറണാകുളത്തെ പാചകപ്പുരയില്‍ അടുപ്പ് കത്തിച്ചു

കോട്ടയം: പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി വിദ്യാര്‍ഥികള്‍ക്കായി ഊട്ടുപുരയില്‍ രുചിസദ്യയൊരുക്കാന്‍ തിരിച്ചെത്തുന്നു. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം പഴയിടം ഏറ്റെടുത്തു. കളമശേരിയിലെ സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിനും പഴയിടത്തിന്റെ പാചകസംഘം സദ്യയൊരുക്കും. സ്‌കൂള്‍ മേളകളുടെ ഊട്ടുപുരയിസ്‌കൂള്‍ മേളകളുടെ ഊട്ടുപുരയില്‍ ഉണ്ടാകില്ലെന്ന കടുത്ത നിലപാട് തല്‍ക്കാലത്തേക്ക് മാറ്റിയിരിക്കുകയാണ് പഴയിടം.

നമ്മുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കപ്പെടേണ്ട സാഹചര്യം വന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെത്തി പാചകപ്പുരയില്‍ അടുപ്പ് കത്തിച്ചത് ഞാനാണ്. സ്‌കൂള്‍ കലോത്സവത്തിലേക്കു മടങ്ങിയെത്തുമോ എന്ന് ഇപ്പോള്‍ പറയാനില്ല. എന്നാലും ഇതൊരു തുടക്കമാണെന്നു കരുതിക്കോളൂ-തീരുമാനം മാറ്റിയതിനെക്കുറിച്ച് പഴയിടം പറഞ്ഞു.

വിവാദങ്ങളെ തുടര്‍ന്നു ജനുവരിയില്‍ കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടെയാണ് പഴയിടം ഇനി ഊട്ടുപുരയിലേക്ക് ഇല്ലെന്ന് അറിയിച്ചത്. പാചകച്ചുമതല മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിയാണു പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു. 2000ല്‍ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവം മുതല്‍ ഏറ്റെടുത്ത പാചകച്ചുമതലയിലൂടെ ഇതുവരെ രണ്ടേകാല്‍ കോടി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയിട്ടുണ്ടെന്ന് പഴയിടം പറയുന്നു.

സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണു പഴയിടം ഇപ്പോള്‍ തീരുമാനം മാറ്റിയത്. നവംബര്‍ എട്ടു മുതല്‍ പത്തുവരെ കളമശേരിയിലാണു സ്പെഷല്‍ സ്‌കൂള്‍ കലോത്സവം. ശാസ്ത്രമേളയുടെ സംഘാടകരും വിളിച്ചപ്പോള്‍ രണ്ടുംകൂടി ചെയ്യാമല്ലോ എന്നു കരുതിയാണു ഇറങ്ങിയതെന്നും പഴയിടം പറഞ്ഞു.

Exit mobile version