ഓടിക്കുവാന്‍ എന്ന് പറഞ്ഞ് സൈക്കിള്‍ വാങ്ങി അടിച്ചുമാറ്റി; വില്‍ക്കാനെത്തിയപ്പോള്‍ പിന്നാലെ പോലീസ് എത്തി

കണ്ണൂര്‍: കണ്ണൂരില്‍ കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പോലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ മോഷ്ടിച്ച് കടന്നത്.

കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കൈയ്യില്‍ നിന്നും ഓടിക്കുവാന്‍ എന്ന വ്യാജേന സൈക്കിള്‍ വാങ്ങി പ്രതി കടന്നുകളയുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ സൈക്കിള്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നു. ഉദ്ദേശിച്ച വില ലഭിക്കാതെ വന്നതോടെ മട്ടന്നൂരില്‍ വച്ച് സൈക്കിള്‍ വില്‍ക്കാനുള്ള ശ്രമമാണ് പാളിപ്പോയത്. മറ്റ് വഴിയില്ലാതെ വന്നതോടെ സൈക്കിള്‍ കടക്കാരനെ ഏല്‍പ്പിച്ച് മോഷ്ടാവ് കടന്നു.

ഇതിനിടെ സൈക്കിള്‍ അടിച്ചുമാറ്റിയെന്ന പരാതിയുമായി സൈക്കിള്‍ ഉടമയായ കുട്ടിയുടെ അമ്മ പോലീസില്‍ പരാതിയുമായി എത്തിയിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് പാലോട്ടുപള്ളിയിലെ സൈക്കിള്‍ ഷോപ്പില്‍ എത്തിയത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സമാനമായ മറ്റൊരു സംഭവത്തില്‍ മലപ്പുറത്തും സമീപ ജില്ലകളിലും ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബിലാല്‍, മലപ്പുറം വട്ടത്താണി സ്വദേശി മുഹമ്മദ് ഫസലു, കോട്ടയം അറനൂറ്റിമംഗലം സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്.

Exit mobile version